ഓരോ വ്യക്തിക്കും, നഗരങ്ങളിലും വിദൂര ഗ്രാമങ്ങളിലും ഒരുപോലെ, അറിവിലേക്കുള്ള തടസ്സങ്ങളില്ലാത്ത പ്രവേശനം സാധ്യമാകുന്ന ഒരു കേരളം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ ലൈബ്രറികൾ സമൂഹത്തിന്റെ ഹൃദയങ്ങളായി മാറുന്നു. ഭൂതകാലത്തെ അതിരുകളില്ലാത്ത ഡിജിറ്റൽ ഭാവിയുമായി ബന്ധിപ്പിക്കുന്ന, പഠനത്തിന്റെയും, സർഗാത്മകതയുടെയും, സാമൂഹിക ബന്ധങ്ങളുടെയും ഊർജ്ജസ്വലമായ കേന്ദ്രങ്ങളായി ലൈബ്രറികളെ മാറ്റിയെടുക്കുക എന്നതാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ലക്ഷ്യം.
ലൈബ്രറികൾ വെറും കെട്ടിടങ്ങൾക്കപ്പുറം, ജിജ്ഞാസയെ ജ്വലിപ്പിക്കുന്നതും സാർവത്രിക സാക്ഷരതയെ പരിപോഷിപ്പിക്കുന്നതുമായ വിജ്ഞാനകവാടങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമായി മാറുന്ന ഒരു കേരളമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിഭാവനം ചെയ്യുന്നത്. ഉൾക്കൊള്ളൽ, നവീകരണം, ശാക്തീകരണം എന്നിവയുടെ മാതൃകയായി 8,000-ൽ അധികം ലൈബ്രറികളുള്ള കേരളത്തിന്റെ ലൈബ്രറി ശൃംഖലയെ മാറ്റിക്കൊണ്ട്, പൊതു ലൈബ്രറികളുടെ ഒരു ആഗോള നവോത്ഥാനത്തിന് നേതൃത്വം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
അറിവ് ആരുടെയും പ്രത്യേക അവകാശമല്ല, മറിച്ച് എല്ലാവർക്കും ജന്മനാ ലഭിക്കുന്ന ഒന്നാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഗ്രാമങ്ങൾ, നഗരങ്ങൾ, ജയിലുകൾ, വീടുകൾ എന്നിങ്ങനെ കേരളത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ലൈബ്രറി സേവനങ്ങൾ എത്തിക്കാൻ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രതിജ്ഞാബദ്ധമാണ്. കുട്ടികൾ, സ്ത്രീകൾ, യുവാക്കൾ, മുതിർന്നവർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തുന്നത്. ബാലവേദി മുതൽ സ്ത്രീകളുടെ സാക്ഷരതാ പദ്ധതികൾ വരെയുള്ള ഞങ്ങളുടെ വിവിധ ഫോറങ്ങൾ, സമൂഹത്തിലെ ഓരോ വ്യക്തിയെയും ഒരുമിപ്പിച്ച് നിർത്തുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. ഈ കൂട്ടായ പ്രവർത്തനങ്ങളിലൂടെ എല്ലാ വിഭാഗം ആളുകളെയും ചേർത്ത് നിർത്താൻ ഞങ്ങൾ ശ്രമിക്കുന്നു.
1989-ലെ നിയമത്തിൽ വേരൂന്നിയ ഞങ്ങളുടെ ത്രിതല സംവിധാനം—സംസ്ഥാന, ജില്ലാ, താലൂക്ക് കൗൺസിലുകൾ— തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറി പ്രവർത്തകരുടെ ഇച്ഛാശക്തിക്ക് അനുസരിച്ച് പ്രവർത്തിക്കുന്നു. താഴെത്തട്ടിലുള്ളവരുടെ കാഴ്ചപ്പാടുകൾ ലൈബ്രറികളുടെ ഭാവിയെ രൂപപ്പെടുത്തുന്ന ഒരു ഭരണ മാതൃകയെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു, അതുവഴി ലൈബ്രറികൾ ജനങ്ങളുടേതായി തുടരുന്നു. കൂടാതെ അവ ജനങ്ങളുടെ സ്വപ്നങ്ങളോട് പ്രതിബദ്ധതയുള്ളതും ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതുമാണെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.
പുരാതന ക്ഷേത്രങ്ങളിലെ കൈയെഴുത്ത് പ്രതികൾ മുതൽ 2024-ലെ പബ്ലിക് പോർട്ടലിലെ ഡിജിറ്റൽ കാറ്റലോഗ് വരെ, ഞങ്ങൾ പാരമ്പര്യത്തെ ബഹുമാനിക്കുകയും അതേസമയം ഭാവിയെ സ്വീകരിക്കുകയും ചെയ്യുന്നു. കേരളത്തിലെ ലൈബ്രറികൾ പഴമയുടെ പ്രതീകങ്ങളായി മാറാതിരിക്കാനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പുരോഗതിയുടെ ഊർജ്ജസ്വലമായ ചാലകങ്ങളായി നിലകൊള്ളാനും ഓട്ടോമേഷൻ, ലൈബ്രറി നെറ്റ്‌വർക്കിംഗ്, ഡിജിറ്റൽ സംവിധാനങ്ങളൊരുക്കൽ എന്നിവയിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വായനശാലകൾ വെറും പുസ്തകപ്പുരകൾ മാത്രമല്ല, മറിച്ച് സമൂഹങ്ങൾ ഒത്തുചേരുന്നയിടം കൂടിയാണ്. വായനാമത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, സാക്ഷരതാ ക്ലാസുകൾ എന്നിവയിലൂടെ ഞങ്ങൾ മനുഷ്യബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നു. അതുവഴി കേരളത്തിന്റെ സാമൂഹിക പരിഷ്കരണ പാരമ്പര്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, ലൈബ്രറികളെ സംവാദങ്ങളുടെയും, സർഗ്ഗാത്മകതയുടെയും, കൂട്ടായ വളർച്ചയുടെയും ഇടങ്ങളാക്കി ഞങ്ങൾ മാറ്റുന്നു.
വായിക്കുക, വളരുക (Read and Grow) എന്ന മുദ്രാവാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഓരോ വ്യക്തിക്കും അവരുടെ ഭാവി രൂപപ്പെടുത്താൻ കഴിയുന്ന തരത്തിൽ അവരെ ശാക്തീകരിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. കരിയർ ഗൈഡൻസ് സെന്ററുകൾ, ഗോത്രവർഗ്ഗ ലൈബ്രറികൾ, അനൗപചാരിക വിദ്യാഭ്യാസ പരിപാടികൾ എന്നിവയിലൂടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിജ്ഞാനത്തിന്റെ ജ്വാല ആളിക്കത്തിക്കുന്നു. ഇത് തലമുറകളിലൂടെ വ്യക്തിപരവും സാമൂഹികവുമായ പരിവർത്തനത്തിന് വഴിയൊരുക്കുന്നു.
Copyright © 2025 - Kerala State Library Council
Website developed by Invothink Systems LLP
Image Credits