1. ആധുനികവത്കരണം - സ്റ്റേറ്റ് - ജില്ലാ - താലൂക്ക് ലൈബ്രറി 
കൗണ്‍സില്‍ ഓഫീസുകള്‍ 20 ലക്ഷം
ലൈബ്രറി കൗണ്‍സില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന - ജില്ലാ - താലൂക്ക് ഓഫീസുകള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവത്കരിക്കും. ഇതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഓഫീസ് സോഫ്റ്റ്‌വെയര്‍ നിര്‍മിയ്ക്കുന്നതിനും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ഇന്‍വെര്‍ട്ടര്‍/ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുമായി ആകെ 20,00,000/- രൂപ (ഇരുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
2. ജില്ലാ / താലൂക്ക് ലൈബ്രറികള്‍ 45 ലക്ഷം
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ജില്ലാ ലൈബ്രറികളും കാസര്‍ഗോഡ് ജില്ലയിലെ ഭാഷാ ന്യൂനപക്ഷ കോര്‍ണറും വടകര, തലശ്ശേരി, കൊട്ടാരക്കര, തളിപ്പറമ്പ് താലൂക്കുകളിലെ താലൂക്ക് ലൈബ്രറികളും ഉള്‍പ്പെടെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ട് നടത്തുന്ന ലൈബ്രറികള്‍ക്ക് വികസന ഗ്രാന്റ് അനുവദിക്കും. താലൂക്ക് - ജില്ലാ ലൈബ്രറികളെ ബ്രിട്ടീഷ് കൗണ്‍സിലിലെ ഡിജിറ്റല്‍ ലൈബ്രറിയുമായി ബന്ധിപ്പിയ്ക്കും. ജില്ലാ ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്ക് 15,000/- രൂപയും താലൂക്ക് ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്ക് 12,000/- രൂപയും പ്രതിമാസ അലവന്‍സ് അനുവദിക്കും. പ്രോജക്ട് അംഗീകരിക്കുന്നതനുസരിച്ച് ഗ്രാന്റ് അനുവദിയ്ക്കും. ഇതിനായി ആകെ 40,00,000/- രൂപ വകയിരുത്തുന്നു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി, യൂണിവേഴ്‌സിറ്റി ലൈബ്രറി, കോളെജ് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആര്‍.എഫ്.ഐ.ഡി. സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൗണ്‍സില്‍ നേരിട്ടുനടത്തുന്ന ലൈബ്രറികളില്‍ ഈ സംവിധാനം നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ലൈബ്രറിമിഷന്റെ ഭാഗമായി രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍വഴി ഈ സംവിധാനം നടപ്പിലാക്കുന്നുണ്ട്. ആയതിനുള്ള ധനസഹായം ലഭ്യമാക്കും. പ്രാഥമികമായി ഒരു ജില്ലാ ലൈബ്രറിയില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആര്‍.എഫ്.ഐ.ഡി. സംവിധാനം ഈ വര്‍ഷം ഏര്‍പ്പെടുത്തുന്നതിന് 5,00,000/- രൂപ വകയിരുത്തുന്നു. ജില്ലാ - താലൂക്ക് ലൈബ്രറികളുടെ വികസന ഗ്രാന്റിനായി ആകെ 45,00,000/- രൂപ (നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
3. ആസ്ഥാന മന്ദിരനിര്‍മ്മാണം - താലൂക്ക് - ജില്ല - സംസ്ഥാനം 420 ലക്ഷം
താലൂക്ക് - ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ ആസ്ഥാന മന്ദിര നിര്‍മാണത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും അല്ലാത്തതുമായ ഏജന്‍സികളില്‍ നിന്നും സ്ഥലം 
ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ജില്ലാ ആസ്ഥാന മന്ദിര നിര്‍മാണത്തിനായി 50,00,000/- രൂപ വരെയും താലൂക്ക് ആസ്ഥാനത്തിനായി 25,00,000/- രൂപവരെയും 
അനുവദിയ്ക്കുന്നതാണ്. പൊന്നാനി, കൊച്ചി താലൂക്ക് ലൈബ്രറി കൗണ്‍സിലിനും മന്ദിര നിര്‍മാണത്തിനായി സ്ഥലം ലഭിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് തുക അനുവദിയ്ക്കുന്നതാണ്. എറണാകുളം പബ്ലിക് ലൈബ്രറി പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിന് കെട്ടിടവും ഡിജിറ്റല്‍ ലൈബ്രറിയും സ്ഥാപിയ്ക്കുന്നതിന് സ്ഥലം അനുവദിയ്ക്കാമെന്ന് എറണാകുളം പബ്ലിക് ലൈബ്രറി ഭരണസമിതി അറിയിച്ചിട്ടുണ്ട്. വ്യവസ്ഥകള്‍ അംഗീകരിക്കുന്നതനുസരിച്ച് നിര്‍മാണത്തിന് ഈ വര്‍ഷം തുക അനുവദിയ്ക്കും. കൊല്ലം ജില്ലാ ലൈബ്രറി കൗണ്‍സിലിന് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് കൊല്ലം കോര്‍പറേഷന് സ്ഥലം അനുവദിച്ചിട്ടുണ്ട്. നിര്‍മിതി കേന്ദ്രത്തെകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ട്. കൊല്ലം ജില്ലാ ഓഫീസിന്റെ കെട്ടിട നിര്‍മാണത്തിനായി തുക അനുവദിക്കും.
കാസര്‍ഗോഡ് ജില്ലാ ലൈബ്രറിയ്ക്ക് 20 സെന്റ് സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ 
അനുവദിച്ചുനല്‍കിയതിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. 25000 ഓളം പുസ്തകങ്ങളുണ്ട്. റീഡിംഗ് റൂമിനും ചെറിയ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിനുമുള്ള സ്ഥല പരിമിതിയുണ്ട്. ലൈബ്രറിയോട് ചേര്‍ന്ന് റീഡിങ് റൂമും ഒരു ഹാളും നിര്‍മിയ്ക്കുന്നതിന് 10,00,000/- രൂപ 
വകയിരുത്തുന്നു.
സംസ്ഥാന ആസ്ഥാന മന്ദിര നിര്‍മാണത്തിന്റെ നിലവിലുള്ള തടസം ഒഴിവാക്കി നിര്‍മാണ പ്രവര്‍ത്തനം ആരംഭിയ്ക്കും. സംസ്ഥാന - ജില്ല - താലൂക്ക് ഓഫീസ് മന്ദിരങ്ങളുടെ നിര്‍മ്മാണത്തിനായി 4,20,00,000/- രൂപ (നാല് കോടി ഇരുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
4. ലൈബ്രറി സോഫ്റ്റ്‌വെയര്‍, പരിശീലനം, റിട്രോ കണ്‍വെര്‍ഷന്‍ 40 ലക്ഷം 
സംസ്ഥാനത്തെ ഗ്രന്ഥശാലകളില്‍ മെച്ചപ്പെട്ട ലൈബ്രറി സേവനം ലഭ്യമാക്കുക, വിജ്ഞാന വ്യാപനം സാര്‍വ്വത്രികമാക്കുക എന്നിവ നടപ്പിലാക്കുകയാണ് ലക്ഷ്യം. ഇതിന്റെ 
ഭാഗമായി ലൈബ്രറി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍, കാറ്റലോഗിംഗ്, റിേട്രാകണ്‍വര്‍ഷന്‍, പരിശീലനം, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ആധുനിക യന്ത്രസാമഗ്രികളുടെ സ്ഥാപനം എന്നിവ നടപ്പിലാക്കും. ഇതിനായി 2017 - 18 വര്‍ഷത്തില്‍ ആകെ 40,00,000/- രൂപ (നാല്‍പ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
5. കോഴ്‌സുകള്‍ - പരിശീലന പരിപാടികള്‍ 20 ലക്ഷം 
ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പുനരാരംഭിക്കും. ആറുമാസത്തെ ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പുതുക്കിയ സിലബസ് അനുസരിച്ചാണ് നടത്തുക. 
ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വിവിധ പദ്ധതി - പദ്ധതിയേതര കേന്ദ്രങ്ങളിലെ 
ഭാരവാഹികള്‍ക്ക് പദ്ധതി നടത്തിപ്പ് സംബന്ധിച്ച പരിശീലനം ആവശ്യമാണ്. ലൈബ്രറി കൗണ്‍സില്‍ ജീവനക്കാര്‍ക്ക് ഓഫീസ് നടപടികളും പദ്ധതി പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സോഫ്റ്റ്‌വെയര്‍ സംബന്ധിച്ചും പരിശീലനം നല്‍കുന്നതാണ്. ഹ്രസ്വകാല 
പരിശീലനം കഴിഞ്ഞ ലൈബ്രേറിയന്മാര്‍ക്ക് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച് ഒരു ദിവസത്തെ പരിശീലനം നല്‍കും. ഇവയ്ക്കായി 2017 - 18 വര്‍ഷം 20,00,000/- രൂപ (ഇരുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
6. വായനോല്‍സവം 17 ലക്ഷം
കേരളത്തിലെ കുട്ടികളുടെ അക്ഷരോത്സവമാണ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനോല്‍സവം അറിവിന്റെയും, വായനയുടെയും ലോകത്ത് സഞ്ചരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്നതാണ് വായനോല്‍സവത്തിന്റെ പ്രഥമ ലക്ഷ്യം. 
കേരളത്തിലെ ഹൈസ്‌ക്കുള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും വായനയുടെ ഈ ഉത്സവത്തില്‍ 
പങ്കെടുപ്പിക്കാനാണ് ലൈബ്രറി കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ നാല് ഘട്ടമായാണ് ഈ മത്സരം നടത്തുന്നത്. സ്‌കൂള്‍തല മത്സരത്തിന് താലൂക്ക്തലത്തില്‍ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നതാണ്. ഓരോ ഘട്ടത്തിലേയ്ക്കുമുള്ള മത്സരത്തിന്റെ 
സംഘാടന ചെലവിനും സമ്മാനങ്ങള്‍ക്കും ഭാഷാന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ജില്ലാതല മത്സരം സംഘടിപ്പിക്കുന്നതിനുമായി 2017 - 18 വര്‍ഷത്തില്‍ വായനോല്‍സവം എന്ന ശീര്‍ഷകത്തില്‍ ആകെ 17,00,000/- രൂപ (പതിനേഴ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 

8. എ) താലൂക്ക് റഫറന്‍സ് ലൈബ്രറി - വികസന ഗ്രാന്റ് 22 ലക്ഷം 
പതിനൊന്നാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയോടെ കേരളത്തിലെ ഓരോ 
താലൂക്കുകളിലും തെരഞ്ഞെടുത്ത ഓരോ ലൈബ്രറിയില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കിയതാണ് താലൂക്ക് റഫറന്‍സ് ലൈബ്രറി സ്‌കീം.
സാധാരണപുസ്തകങ്ങള്‍ സജ്ജമാക്കുന്നതോടൊപ്പം തന്നെ ജനങ്ങളുടെ മാറിവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത്തരത്തിലുള്ള വിജ്ഞാന ഗ്രന്ഥങ്ങള്‍ കൂടി സജ്ജമാക്കിയാല്‍ മാത്രമേ നമ്മുടെ ലൈബ്രറികള്‍ കാലത്തിനൊത്ത് വളരുന്നു എന്നു പറയുവാന്‍ കഴിയുക
യുള്ളൂ. താലൂക്ക് റഫറന്‍സ് ലൈബ്രറികള്‍ എന്ന ആശയത്തിലൂടെ ഒരു താലൂക്കിന്റെ പൊതു വൈജ്ഞാനിക ആവശ്യമാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന താലൂക്ക് 
റഫറന്‍സ് ലൈബ്രറികള്‍ സാധ്യമാക്കുന്നത്.
11 -ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച അവാര്‍ഡ് കോര്‍പ്പസ് ഫണ്ടായി നിക്ഷേപിച്ചതില്‍ നിന്നുള്ള വരുമാനമാണ് ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്. കോര്‍പ്പസ് ഫണ്ടില്‍ നിന്നും പലിശ ഇനത്തില്‍ ലഭിക്കുന്ന തുക വികസന ഗ്രാന്റായി നല്‍കും. ഇതിനായി ആകെ 22,00,000/- രൂപ (ഇരുപത്തിരണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
ബി) താലൂക്ക് റഫറന്‍സ് ലൈബ്രറി - ലൈബ്രേറിയന്‍ അലവന്‍സ് 27 ലക്ഷം 
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഫണ്ടില്‍ നിന്നും താലൂക്ക് റഫറന്‍സ് ലൈബ്രറികളിലെ ലൈബ്രേറിയന്മാര്‍ക്ക് നല്‍കുന്ന പ്രതിമാസ അലവന്‍സ് 3000/- രൂപയായിരിക്കും. ഇതിനായി ആകെ 27,00,000/- രൂപ (ഇരുപത്തിയേഴ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
9. ഡെപ്പോസിറ്ററി ലൈബ്രറി 0.5 ലക്ഷം
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളും ശേഖരിച്ച് വര്‍ഗ്ഗീകരിക്കുന്നതിനായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നടപ്പിലാക്കുന്ന ഡെപ്പോസിറ്ററി ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 50,000/- രൂപ (അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
10. ഡോക്യുമെന്റേഷന്‍/ഗ്രന്ഥശാലാ പ്രസ്ഥാന ചരിത്ര
പുസ്തക പ്രസിദ്ധീകരണം, പ്രാദേശിക ചരിത്രം, പ്രചരണം 6 ലക്ഷം
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിയ്ക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ടും ജില്ലാ വികസന പദ്ധതികള്‍ മുഖേനയും നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, 
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്ര പുസ്തകം, ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തില്‍ 

11. ശില്പശാല 3 ലക്ഷം
പദ്ധതി - പദ്ധതിയേതര പ്രവര്‍ത്തനങ്ങളുടെ വിശദീകരണങ്ങള്‍ക്കായി മൂന്ന് മാസം കൂടുമ്പോള്‍ ജില്ലാ സെക്രട്ടറിമാരുടെ യോഗവും രണ്ടുപ്രാവശ്യം ജില്ലാ ഭാരവാഹികളുടെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെയും താലൂക്ക് സെക്രട്ടറിമാരുടെയും ജീവനക്കാരുടെയും സംയുക്ത യോഗവും വിളിച്ചുചേര്‍ക്കുന്നതാണ്. ഇതിനായി 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.

12. പുരസ്‌കാരങ്ങള്‍ 12 ലക്ഷം
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ട് നല്‍കുന്ന പുരസ്‌കാരങ്ങളായ ഇ.എം.എസ് പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള പ്രത്യേക പുരസ്‌കാരം, സാഹിത്യ പുരസ്‌കാരം എന്നിവയ്ക്ക് 50,000/- രൂപ വീതവും, പി.എന്‍.പണിക്കര്‍ പുരസ്‌കാരത്തിന് 25,000/- രൂപയും നല്‍കും. പ്രസാധകര്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിലൂടെ നല്‍കുന്ന ഡി.സി. പുരസ്‌കാരം, എന്‍.ഇ. ബലറാം 
പുരസ്‌കാരം, പി. രവീന്ദ്രന്‍ പുരസ്‌കാരം, സമധാനം പരമേശ്വരന്‍ പുരസ്‌കാരം സി.ജി. ശാന്തകുമാര്‍ സ്മാരക പുരസ്‌കാരം എന്നിവയും, താലൂക്കിലെയും ജില്ലയിലെയും മികച്ച ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളും മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും തുടരും. പുരസ്‌കാര സമര്‍പ്പണ സമ്മേളന ചെലവുകള്‍, അനുബന്ധ അച്ചടികള്‍, പ്രചരണം തുടങ്ങിയവയ്ക്കായി 2017 - 18 വര്‍ഷത്തില്‍ 12,00,000/- രൂപ (പന്ത്രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
13. ജൂബിലി ആഘോഷം 10 ലക്ഷം 
25, 50, 60, 75, 100, 125 വര്‍ഷം പൂര്‍ത്തീകരിക്കുന്ന ഗ്രന്ഥശാലകള്‍ക്ക് ജൂബിലി 
ആഘോഷം സംഘടിപ്പിക്കുന്നതിന് പരിപാടിയുടെ വൈപുല്യം പരിഗണിച്ച് പരമാവധി 10,000, 15,000, 20,000, 25,000, 30,000, 50,000 രൂപ ക്രമത്തില്‍ ജൂബിലി ഗ്രാന്റ് അനുവദിക്കും. ഇതിനായി 2017 - 18 വര്‍ഷത്തെ ബഡ്ജറ്റില്‍ 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
14. രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ മാച്ചിംഗ് ചെലവ് 50 ലക്ഷം
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജാ റാംമോഹന്‍ റോയ് ലൈബ്രറി 
ഫൗണ്ടേഷന്‍ മാച്ചിംഗ് സ്‌കീം പ്രകാരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഗ്രന്ഥശാലകളുടെ 
വികസന പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനില്‍ അടയ്ക്കുന്നതിനായി 2017 - 18 വര്‍ഷത്തെ ബഡ്ജറ്റില്‍ ആകെ 
50,00,000/- രൂപ (അമ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. തത്തുല്യമായ തുക ഫൗണ്ടേഷനില്‍ നിന്നും ലഭിക്കുന്നതാണ്.
15. രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ 2 ലക്ഷം
ഓപ്പറേഷണല്‍ എക്‌സ്‌പെന്‍സ്

രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഓഫീസ് 
പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് സംവിധാനങ്ങളൊന്നുമില്ലാത്തതിനാല്‍ രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ കണ്‍വീനറുടെ ഓഫീസായ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലാണ് ഇത് സംബന്ധിച്ച എല്ലാ ജോലികളും നിര്‍വ്വഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി ഫീസ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി 2017 - 18 വര്‍ഷത്തെ ബഡ്ജറ്റില്‍ ആകെ 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
16. ദുരിതാശ്വാസം 3 ലക്ഷം 
തീപിടുത്തം, പ്രകൃതിക്ഷോഭം, അക്രമം തുടങ്ങിയവ മൂലം നാശനഷ്ടം സംഭവിക്കുന്ന ഗ്രന്ഥശാലകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
17. ഗ്രന്ഥശാലാ പുനരുദ്ധാരണം 4 ലക്ഷം 
ഭൗതിക സാഹചര്യങ്ങള്‍ നിലനില്ക്കുന്നതും എന്നാല്‍ പ്രവര്‍ത്തനം നിലച്ചുപോയതുമായ ഗ്രന്ഥശാലകളെ പുനരുദ്ധരിക്കും. പ്രവര്‍ത്തനം നിലച്ച് കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലുമായതും സ്വന്തം സ്ഥലവും കെട്ടിടമുള്ളതുമായ ഗ്രന്ഥശാലകളെ മാത്രമേ ഇതിലേയ്ക്ക് പരിഗണിക്കുകയുള്ളൂ. രജിസ്റ്ററുകള്‍, പുസ്തകശേഖരം വര്‍ദ്ധിപ്പിക്കല്‍, ഉപകരണങ്ങള്‍ 
തുടങ്ങിയവയ്ക്കാണ് ധനസഹായം നല്‍കുക. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗീകരിച്ചു ശുപാര്‍ശ ചെയ്യുന്ന പ്രോജക്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കും. ഈ ഇനത്തില്‍ 4,00,000/- രൂപ (നാല് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
18. ട്രൈബല്‍ ലൈബ്രറികള്‍ 6 ലക്ഷം 
സംസ്ഥാനത്ത് ട്രൈബല്‍ മേഖലകളിലെ ഗ്രന്ഥശാലകള്‍ക്ക് അഫിലിയേഷന് ആവശ്യമായ പുസ്തകങ്ങളും അത്യാവശ്യം ഫര്‍ണിച്ചറും വാങ്ങുന്നതിന് ധനസഹായം നല്‍കും. ഈ തുക താലൂക്ക് ലൈബ്രറി കൗണ്‍സിലിന് അനുവദിക്കുന്നതും താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ നേരിട്ട് വിനിയോഗം നടത്തി അഫിലിയേഷന്‍ നടപടി പൂര്‍ത്തിയാക്കേണ്ടതുമാണ്. 
ഇതിനായി ആകെ 6,00,000/- രൂപ (ആറ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
19. ഗ്രന്ഥശാലാ സര്‍വെ 1 ലക്ഷം
സംസ്ഥാനത്ത് വായന സര്‍വെ സംഘടിപ്പിയ്ക്കുന്നതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
20 പദ്ധതി മോണിറ്ററിംഗ് 3 ലക്ഷം
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നേരിട്ടും ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുഖേനയും നടപ്പിലാക്കുന്ന പദ്ധതികളുടെ പരിശോധന താലൂക്ക് - ജില്ലാ ഓഫീസുകളിലും ലൈബ്രറികളിലും നടത്തും. അതിനായി 2017 - 18 വര്‍ഷത്തേയ്ക്ക് ആകെ 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
21. കരിയര്‍ ഗൈഡന്‍സ് സെന്റര്‍ 25.50 ലക്ഷം 
സംസ്ഥാനത്തെ 75 താലൂക്കുകളിലും അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്ക് തൊഴില്‍ 
നേടുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും സംഘടിപ്പിക്കുകയാണ് 
കരിയര്‍ ഗൈഡന്‍സ് സെന്ററുകളുടെ ലക്ഷ്യം. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ 
ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍ക്ക് മാച്ചിംഗ് 
അടിസ്ഥാനത്തില്‍ വികസന ഗ്രാന്റും ഓണറേറിയവും ഈ വര്‍ഷവും തുടരും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കേന്ദ്രങ്ങള്‍ക്ക് പകരം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കണം. ഓരോ കേന്ദ്രത്തിനും 25,000/- രൂപ വികസന ഗ്രാന്റിനത്തിലും ലൈബ്രേറിയന് പ്രത്യേകമായി നല്‍കുന്ന പ്രതിമാസ ഓണറേറിയം 750/- രൂപ പ്രകാരവും വകയിരുത്തുന്നു. ഈ ഇനത്തില്‍ ആകെ 25,50,000/- രൂപ (ഇരുപത്തിയഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
22. പഞ്ചായത്ത്തല നേതൃസമിതി 15 ലക്ഷം 
പഞ്ചായത്തുതല നേതൃസമിതികള്‍ ഇന്ന് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഏറ്റവും ഊര്‍ജ ശക്തികളാണ്. പ്രസ്ഥാനത്തിന്റെ ശൃംഖലാ സ്വഭാവത്തെ ദൃഡമാക്കുന്ന ഈ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ പ്രാദേശിക വികസന സ്വഭാവത്തിലാക്കും. ലൈബ്രറി കൗണ്‍സിലിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഓരോ നേതൃസമിതികളും നയിക്കും. നേതൃസമിതിയുടെ പ്രവര്‍ത്തനച്ചെലവിനായി 1,500/- രൂപ വീതം നല്‍കും. പഞ്ചായത്തുതല നേതൃസമിതികളുടെ പ്രവര്‍ത്തനത്തിന്റെയും ധനവിനിയോഗത്തിന്റെയും ചുമതല താലൂക്ക് ലൈബ്രറി കൗണ്‍സിലുകള്‍ക്കായിരിക്കും. നഗരസഭ/മുനിസിപ്പാലിറ്റികളിലും സമാനമായ രീതിയില്‍ നേതൃസമിതികള്‍ തുടരുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2017 - 18 വര്‍ഷം ആകെ 
15,00,000/- രൂപ (പതിനഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
23. ബാലവേദി 87 ലക്ഷം 
1. പ്രവര്‍ത്തന ഗ്രാന്റ്
കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ ഗ്രന്ഥശാലകളില്‍ സജീവമായിരിക്കേണ്ടതുണ്ട്. അതിനായി ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ബാലവേദി. പുതിയ തലമുറയ്ക്കായി ഈ വര്‍ഷം 2000 ബാലവേദി കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. പ്രവര്‍ത്തന ഗ്രാന്റായി 3,500/- രൂപവീതം അനുവദിയ്ക്കും. ബാലവേദി വിഭാഗത്തിന് ഗ്രന്ഥശാലയില്‍ ഒരു ചുമതലക്കാരനും താലൂക്കില്‍ റിസോഴ്‌സ് പേഴ്‌സണും ഉണ്ടാകും. ബാലവേദികള്‍ക്ക് സജീവമായ പ്രവര്‍ത്തന ശൈലിയ്ക്ക് രൂപംനല്‍കും. ഒരു ബാലവേദി ചുരുങ്ങിയത് വര്‍ഷത്തില്‍ ഏഴ് പരിപാടികള്‍ സംഘടിപ്പിയ്ക്കണം. ഇതിനായി 70,00,000/- രൂപ (എഴുപത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
2. ശില്പശാല
ബാലവേദി പ്രവര്‍ത്തനത്തിന് ചുമതലയുള്ളയാള്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കും. താലൂക്കില്‍ കൂടുതല്‍ റിസോഴ്‌സ് പേഴ്‌സണെ കണ്ടെത്തും. ബാലവേദി പ്രവര്‍ത്തന മാര്‍ഗരേഖ അച്ചടിച്ച് ഓരോ കേന്ദ്രത്തിനും നല്‍കും. ഇതിനായി 5,00,000/- രൂപ വകയിരുത്തുന്നു.
3. റിസോഴ്‌സ് പേഴ്‌സണ്‍
ബാലവേദികള്‍ സജീവമാകുന്നതിന്റെ ഭാഗമായി താലൂക്കില്‍ ഒന്നിലധികം പേരെ റിസോഴ്‌സ് പേഴ്‌സനെ ചുമതലപ്പെടുത്തും. റിസോഴ്‌സ് പേഴ്‌സണ്‍ ആ താലൂക്കിലെ ബാലവേദി കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിന് താലൂക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ നേതൃത്വപരമായ ഇടപെടല്‍ നടത്തണം. പഞ്ചായത്ത് നേതൃസമിതിയുടെ സഹായത്തോടെ ലൈബ്രറികളിലെ ബാലവേദി ചുമതലക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിപാടികള്‍ ആസൂത്രണം ചെയ്യും. ഓരോ ലൈബ്രറികളിലും നടത്തുന്ന ബാലവേദി പരിപാടികളുടെ അംഗീകാരം താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ നിന്നും വാങ്ങേണ്ടതാണ്. ലൈബ്രറിയില്‍ ഒരു പരിപാടി സംഘടിപ്പിയ്ക്കുമ്പോള്‍ റിസോഴ്‌സ് പേഴ്‌സണ് 300/- രൂപ അനുവദിയ്ക്കും. താലൂക്കിലെ വിവിധ ബാലവേദി കേന്ദ്രങ്ങളിലായി ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമായി ഒരു മാസം എട്ട് പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നതിന് റിസോഴ്‌സ് പേഴ്‌സന് 2,400/- രൂപ വരെ അനുവദിയ്ക്കുന്നതാണ്. പരിപാടിയുടെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും നല്‍കുന്നതനുസരിച്ച് താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ നിന്നായിരിക്കും തുക അനുവദിയ്ക്കുക. ഇതിനായി 12,00,000/- രൂപ (പന്ത്രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
2017 - 18 വര്‍ഷം ബാലവേദി പ്രവര്‍ത്തന ഗ്രാന്റ്, ശില്പശാല, റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ ഇനങ്ങള്‍ക്കായി 87,00,000/- രൂപ (എണ്‍പത്തിയേഴ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
24. ലിറ്റില്‍ തിയേറ്റര്‍ 7.5 ലക്ഷം 
കുട്ടികളില്‍ കലാ സാംസ്‌കാരിക ബോധം വളര്‍ത്തുന്നതിനായി ഗ്രന്ഥശാലകളുടെ 
ആഭിമുഖ്യത്തില്‍ ലിറ്റില്‍ തിേയറ്റര്‍ ആരംഭിക്കുന്നതിന് സംഗീത ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ധനസഹായം ഈ വര്‍ഷവും നല്‍കും. ഒരു താലൂക്കില്‍ ഒന്നുവീതം ലൈബ്രറികള്‍ക്ക് പ്രോജക്ട് തുകയുടെ 75 ശതമാനം തുകയാണ് (പരമാവധി 10,000/- രൂപ) അനുവദിക്കുക. ഈ ഇനത്തില്‍ 2017 - 18 വര്‍ഷം ബഡ്ജറ്റില്‍ ആകെ 7,50,000/- രൂപ (ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
25. വനിതാ വേദി 28 ലക്ഷം
സാമൂഹിക - സാംസ്‌കാരിക ജീവിതത്തിന്റെ നേതൃത്വത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവരുന്നതോടൊപ്പം ഗ്രന്ഥശാലാ പ്രവര്‍ത്തനത്തില്‍ സജീവമാക്കുകയുമാണ് വനിതാവേദി കേന്ദ്രങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, വിവിധ തൊഴില്‍ പരിശീലന പരിപാടികള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സര്‍ഗാത്മകത പരിപോഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍, നല്ല രക്ഷിതാവാകാനുള്ള പരിശീലനങ്ങള്‍, കഴിവ്, ആത്മവിശ്വാസം നേതൃപാടവം എന്നിവ വര്‍ധിപ്പിക്കാന്‍ കഴിയുംവിധത്തിലുള്ള പരിശീലനങ്ങള്‍, കലാ - കായിക വിനോദങ്ങള്‍ എന്നിവ ആസ്പദമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഇതിനായി 500 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍. വനിതാവേദിയുടെ ചുമതലയുള്ള ഗ്രന്ഥശാലാ പ്രവര്‍ത്തകയ്ക്ക് മേഖലാടിസ്ഥാനത്തില്‍ പ്രത്യേക പരിശീലനം നല്‍കും. ഒരു വനിതാവേദി കേന്ദ്രത്തിന് പരമാവധി 5000/- രൂപ നിരക്കില്‍ ഗ്രാന്റ് അനുവദിക്കും. വനിതാവേദി കേന്ദ്രത്തിനും പരിശീലനത്തിനുമായി 2017 - 18 വര്‍ഷം 28,00,000/- രൂപ (ഇരുപത്തിയെട്ട് ലക്ഷം രൂപാ മാത്രം) വകയിരുത്തുന്നു.
26. വനിതാ - വയോജന പുസ്തക വിതരണ പദ്ധതി 280 ലക്ഷം
സ്ത്രീകള്‍ക്കും, ഗ്രന്ഥശാലകളില്‍ എത്തി പുസ്തകമെടുക്കാന്‍ കഴിയാത്ത മുതിര്‍ന്ന 
പൗരന്മാര്‍ക്കും വായന സൗകര്യം എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിയിലെ ലൈബ്രേറിയന്മാര്‍ക്ക് അലവന്‍സ് 2,000/- രൂപയില്‍ നിന്ന് 2,500/- രൂപയായി വര്‍ധിപ്പിയ്ക്കും. 2017 - 18 വര്‍ഷം 2,80,00,000/- രൂപ (രണ്ട് കോടി എണ്‍പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
27. താലൂക്ക്തല ലൈബ്രറി സംഗമം 11 ലക്ഷം 
തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളുടെ യോഗം 2017 മെയ് 15 നകം വിളിച്ചുചേര്‍ത്ത് 2017 - 18 വര്‍ഷത്തെ ബഡ്ജറ്റ് വിശദാംശങ്ങള്‍ സംഗമത്തില്‍ വിശദീകരിക്കും. അടുത്ത ഒരു വര്‍ഷത്തെ താലുക്ക് ലൈബ്രറി കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തിന് രൂപരേഖ തയാറാക്കണം. ഈ സംഗമത്തില്‍ താലൂക്കിന്റെ 2016 - 17 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് - ചെലവ് കണക്കും അംഗീകാരത്തിനായി സമര്‍പ്പിക്കണം. 2017 - 18 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ച് അംഗീകാരം വാങ്ങണം. ആയതിനുള്ള സംഘാടന ചെലവിനും അംഗങ്ങള്‍ക്കുളള യഥാര്‍ത്ഥ യാത്ര ചെലവിനും 2017 - 18 വര്‍ഷം 11,00,000/- രൂപ (പതിനൊന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
28. ഇ - വിജ്ഞാന, സേവന കേന്ദ്രം 82 ലക്ഷം
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ - വിജ്ഞാന, സേവന കേന്ദ്രം ആരംഭിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവയില്‍ ഒന്ന് എന്ന നിലയില്‍ 
കേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പദ്ധതി ഈ വര്‍ഷവും തുടരും. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററായി ഗ്രന്ഥശാലയെ രൂപപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളെയും നടപ്പിലാക്കുന്ന പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ഈ ഗ്രന്ഥശാലകളില്‍ നിന്ന് ലഭിക്കും. ഇതുകൂടാതെ ഗ്രന്ഥശാലകളില്‍ ഇ-സാക്ഷരത, ഇ-റീഡിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തി ലൈബ്രറി സേവനം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതിയിലൂടെ കഴിയും. ഈ ഗ്രന്ഥശാലകളെ ആഗോളതലത്തില്‍ സമീപിക്കുവാന്‍ കഴിയുന്ന വിജ്ഞാന കേന്ദ്രങ്ങളായി മാറ്റും. ഗ്രന്ഥശാലകളില്‍ സേവന കേന്ദ്രത്തിന്റെ ചുമതല നിര്‍വഹിയ്ക്കുന്നയാള്‍ക്ക് പ്രതിമാസം പ്രത്യേക അലവന്‍സ് 500/- രൂപ അനുവദിയ്ക്കും. ചുമതലക്കാര്‍ക്ക് മേഖലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. പുതിയ കേന്ദ്രങ്ങള്‍ ആരംഭിയ്ക്കുന്നതിനുള്ള ഗ്രാന്റും പ്രവര്‍ത്തനം തുടങ്ങിയവയ്ക്ക് പ്രവര്‍ത്തന ഗ്രാന്റും സേവന കേന്ദ്രത്തിലെ ചുമതലക്കാര്‍ക്ക് അലവന്‍സും പരിശീലനവും നല്‍കും. ഇതിനായി ആകെ 82,00,000/- രൂപ (എണ്‍പത്തിരണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
29. സ്മാര്‍ട്ട് ഇ - റീഡിംഗ് റൂം 8 ലക്ഷം
കമ്പ്യൂട്ടര്‍ സംവിധാനമുള്ള ലൈബ്രറികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്മാര്‍ട്ട് ഇ - റീഡിംഗ് റൂമുകളാക്കുന്നു. ഈ റീഡിംഗിന് അനുയോജ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുമായി പദ്ധതിയുടെ 75 ശതമാനം പരമാവധി 50,000/- രൂപ (അമ്പതിനായിരം രൂപ മാത്രം) അനുവദിക്കും. ജില്ലയിലെ മികച്ച ഒരു ലൈബ്രറിയ്ക്ക് ഈ വര്‍ഷം സ്മാര്‍ട്ട് ഇ റീഡിഗ് റൂം അനുവദിയ്ക്കും. 2015 - 16 ല്‍ 14 ഉം 2016 - 17 ല്‍14 ഉം സ്മാര്‍ട്ട് - ഇ - റീഡിംഗ് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. 2017 - 18 ല്‍ ആരംഭിക്കുന്ന 14 കേന്ദ്രങ്ങളിലെയും ഉള്‍പ്പെടെയുള്ള ചുമതലക്കാര്‍ക്ക് ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശീലനം നല്‍കും. 14 ലൈബ്രറികള്‍ക്കും പരിശീലനത്തിനുമായി 2017 - 18 വര്‍ഷത്തില്‍ 8,00,000/- രൂപ (എട്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
30. കുട്ടികളുടെ സ്റ്റേറ്റ് ലൈബ്രറി 6 ലക്ഷം
തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസ് മന്ദിരത്തില്‍ ആരംഭിച്ച കുട്ടികളുടെ സ്റ്റേറ്റ് ലൈബ്രറി ആധുനികസംവിധാനത്തോടെ വിപുലീകരിക്കും. പുസ്തകം, ഫര്‍ണിച്ചര്‍, 
കമ്പ്യൂട്ടര്‍, സോഫ്റ്റ്‌വെയര്‍, അനുബന്ധ ഉപകരണങ്ങള്‍, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായി 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. കുട്ടികളുടെ സ്റ്റേറ്റ് ലൈബ്രറിയില്‍ ആര്‍.എഫ്.ഐ.ഡി. സംവിധാനം കെല്‍ട്രോണിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തുന്നതിനായി 4,00,000/- രൂപ (നാല് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. കുട്ടികളുടെ സ്റ്റേറ്റ് ലൈബ്രറിയ്ക്ക് 2017 - 18 വര്‍ഷം 6,00,000/- രൂപ (ആറ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
31. ഗ്രന്ഥശാലാ വാര്‍ഷികാഘോഷം 7.5 ലക്ഷം
ഗ്രന്ഥശാലാ പ്രവര്‍ത്തനത്തില്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രമുഖ സ്ഥാന
മാണുള്ളത്. ഈ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രന്ഥാശാലാ വാര്‍ഷികാഘോഷ ഗ്രാന്റ് നല്‍കുന്നതാണ്. ഗ്രന്ഥശാല 10 -ാം വാര്‍ഷികം ആഘോഷിക്കുന്നതുമുതല്‍ ഗ്രാന്റ് അനുവദിയ്ക്കുന്നതാണ്. ഒരു ഗ്രന്ഥശാലയ്ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കലേ ഗ്രാന്റ് 
അനുവദിയ്ക്കുകയുള്ളു. വാര്‍ഷികാഘോഷത്തിന് 5,000/- രൂപ ഗ്രാന്റ് അനുവദിയ്ക്കും. ഒരു താലൂക്കിലെ രണ്ട് ഗ്രന്ഥശാലകളെയാകും പരിഗണിക്കുക. ഇതിനായി 2017 - 18 വര്‍ഷത്തില്‍ 7,50,000/- രൂപ (ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
32. ഗുരുസംഗമം 45 ലക്ഷം
സമൂഹത്തിനുവേണ്ടി ഒരുപാട് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മ ഒരുക്കി 
ഗ്രന്ഥശാലകള്‍ പകലുകളില്‍ നന്മഗൃഹങ്ങളാകുന്നു. മുതിര്‍ന്ന പൗരന്മാരുടെ അറിവുകളും 
അനുഭവങ്ങളും പകര്‍ന്നെടുത്ത് നാട്ടറിവുകളുടെ ശേഖരമാക്കി, ഈ ഗ്രന്ഥപ്പുരകള്‍ മാറും. 60 വയസിനുമുകളിലുള്ളവരുടെ സംഘം ചേരല്‍ മാത്രമല്ല; അവരുടെ വിനോദങ്ങളുടെ പങ്കുവയ്ക്കല്‍കൂടിയാവും ഗ്രന്ഥശാലകള്‍. ഇന്നത്തെ സമൂഹത്തിന് നഷ്ടപ്പെട്ടുപോകുന്ന പാരമ്പര്യങ്ങളുടെയും തിരിച്ചറിവുകളുടെയും തിരിച്ചുപിടിയ്ക്കലും സൂക്ഷിപ്പുമാണ് ഗുരുസംഗമത്തിലൂടെ നേടുക. 
ഗ്രന്ഥശാലകളില്‍ ഇവരുടെ സഹായിയായി ഒരു കോ - ഓര്‍ഡിനേറ്ററെ നിയോഗിക്കും. ഈ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കോ - ഓര്‍ഡിനേറ്ററുടെ അലവന്‍സിനുമായി ഒരു ഗുരുസംഗമത്തിന് 30,000/- രൂപ നല്‍കും. അത്യാവശ്യം വൈദ്യസഹായത്തിനുള്ള സൗകര്യവും മാസത്തിലൊരിക്കല്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നതിനുള്ള 
സജ്ജീകരണമൊരുക്കും. 75 താലൂക്കുകളിലും പുതിയതായി ഓരോ കേന്ദ്രങ്ങള്‍കൂടി 
ആരംഭിക്കും. നിലവിലുള്ള 75 കേന്ദ്രങ്ങള്‍ക്കും പുതുതായി ആരംഭിക്കുന്ന 75 കേന്ദ്രങ്ങള്‍ക്കുമായി ആകെ 45,00,000/- രൂപ (നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ മാത്രം) ഇതിനായി 2017 - 18 വര്‍ഷം വകയിരുത്തുന്നു.
33. നവ മാധ്യമ കൂട്ടായ്മ പരിശീലനം 1 ലക്ഷം
നവ മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി മുന്‍ വര്‍ഷം നടത്തിയ പരിശീലനത്തിന്റെ തുടര്‍ പരിശീലനത്തിനായി 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) 2017 - 18 വര്‍ഷം വകയിരുത്തുന്നു.
34. ജൈവ കൃഷി ഉല്‍പാദനം - മികച്ച ലൈബ്രറി 
ഈ പദ്ധതി ഹരിതകേരളം പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
35. സാന്ത്വനം 1.5 ലക്ഷം
മികച്ച സാന്ത്വന പരിപാലന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഗ്രന്ഥശാലയ്ക്ക് പ്രോത്സാഹനമായി 10,000/- രൂപയുടെ സമ്മാനം നല്‍കുന്നു. ഒരു ജില്ലയില്‍ ഒരു കേന്ദ്രത്തിനാകും സമ്മാനം നല്‍കുക. ഇതിനായി 2017 - 18 വര്‍ഷം 1,50,000/- രൂപ (ഒരു ലക്ഷത്തി 
അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
36. സര്‍ഗോത്സവം 10 ലക്ഷം
കുട്ടികളില്‍ സാഹിത്യാഭിരുചിയും സര്‍ഗവാസനയും വളര്‍ത്തുന്നതിനായി ജില്ലാ പദ്ധതിയുടെ ഭാഗമായി താലൂക്ക്തലത്തില്‍ ബാലകലോത്സവവും ജില്ലാതലത്തില്‍ അക്ഷരോത്സവവും 
നടത്തുന്നുണ്ട്. ഗ്രന്ഥശാലാതലത്തിലും താലൂക്ക് - ജില്ലാതലങ്ങളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ കഴിവ് പ്രകടിപ്പിയ്ക്കുന്നതിനായി സര്‍ഗോത്സവം ഒരുക്കുന്നു. കൗണ്‍സില്‍ തെരഞ്ഞെടുക്കുന്ന ഇനങ്ങളിലായിരിക്കും 2017 സെപ്തംബറിനുമുമ്പ് സര്‍ഗോത്സവം സംഘടിപ്പിയ്ക്കും. സര്‍ഗോത്സവത്തിന്റെ സംഘാടന ചെലവിനും സമ്മാനത്തിനുമായി 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
37. ഹയര്‍സെക്കന്ററി, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് വായന മത്സരം 15 ലക്ഷം
ഹയര്‍സെക്കന്ററി വിഭാഗത്തിലും കോളെജ്തലത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വായന മത്സരം സംഘടിപ്പിക്കും. ഇതിന്റെ മത്സര രീതികളും നിബന്ധനങ്ങളും തിയതിയും നിശ്ചയിക്കും. ഈ മത്സരങ്ങള്‍ക്കുള്ള സംഘാടക ചെലവ്, സമ്മാന തുക മുതലായ ചെലവുകള്‍ക്കായി 15,00,000/- രൂപ (പതിനഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
38. എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടിയ്ക്ക് 10 ലക്ഷം
മികച്ച ബാലവേദികള്‍ പ്രവര്‍ത്തിയ്ക്കുന്ന 1000 ലൈബ്രറികളില്‍ എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടിയ്ക്ക് എന്ന പദ്ധതി നടപ്പിലാക്കും. കുട്ടികളില്‍ വായനശീലം പ്രേത്സാഹിപ്പിക്കുന്ന ഈ പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഗ്രന്ഥശാലയ്ക്ക് സമീപമുള്ള യു.പി. സ്‌കൂളുകളിലാണ് എഴുത്തുപെട്ടി സ്ഥാപിയ്ക്കുന്നത്. കുട്ടികള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പ് തയ്യാറാക്കി എഴുത്തുപെട്ടിയില്‍ നിക്ഷേപിക്കണം. യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരിക്കും ഈ പദ്ധതിയില്‍ പങ്കെടുക്കുക. മാസത്തിലൊരിക്കല്‍ അധ്യാപകരുടെ സഹായത്തോടെ ഗ്രന്ഥശാലകള്‍ ഏറ്റവും നല്ല കുറിപ്പിന് സ്‌കൂള്‍ അസംബ്ലിയില്‍വച്ച് സമ്മാനം നല്‍കണം. 2017 ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ 2018 
ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സമ്മാനം നല്‍കേണ്ടത്. 500 യു.പി. സ്‌കൂളുകളില്‍ കൂടി ഈ പദ്ധതി ഈ വര്‍ഷം ആരംഭിയ്ക്കും. മുന്‍ വര്‍ഷം ആരംഭിച്ച 500 യൂ.പി. സ്‌കൂളുകളില്‍ അധ്യായന വര്‍ഷം 8 തവണ സമ്മാനദാനം നിര്‍വഹിയ്ക്കുന്നതിനും പുതുതായി ആരംഭിയ്ക്കുന്ന 500 സ്‌കൂളുകളില്‍ എഴുത്തുപെട്ടിയ്ക്കും സമ്മാനദാനത്തിനും മറ്റ് ചെലവുകള്‍ക്കുമായി 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
39. സാംസ്‌കാരികജാഥ
ഈ പദ്ധതിയ്ക്ക് 2017 - 2018 വര്‍ഷം തുക വകയിരുത്തുന്നില്ല.
40. സാംസ്‌കാരികോത്സവം 30 ലക്ഷം
എഴുത്തുകാരുടെയും രംഗ - നാടോടി കലാകാരന്മാരുടെയും ലൈബ്രറി പ്രവര്‍ത്തകരുടെയും സംഗമം മൂന്നുകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. സാംസ്‌കാരികോത്സവങ്ങളായ ഈ സംഗമത്തില്‍ വിവിധ കലാരൂപങ്ങളുടെ അവതരണവും സംവാദവും പ്രബന്ധാവതരണവും ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് രൂപം നല്‍കും. മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന സാംസ്‌കാരികോത്സവങ്ങളില്‍ ഒരു ദിവസം ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ വേദിയാവും. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക്‌ലോര്‍ അക്കാദമി, കേരള കലാമണ്ഡലം, സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണം ഉറപ്പുവരുത്തും. മൂന്നുദിവസത്തെ സാംസ്‌കരികോത്സവം സംഘടിപ്പിക്കുന്ന ജില്ലയിലെ ഗ്രന്ഥശാലകളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. പ്രസ്തുത ജില്ലയിലെ ഗ്രന്ഥശാലകള്‍ കേന്ദ്രകരീച്ച് ഉല്‍പന്ന പിരിവു നടത്തും. പഞ്ചായത്ത് കേന്ദ്രീകരിച്ച് വിളംബര ജാഥ സംഘടിപ്പിക്കും. എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും സന്ദേശം എത്തുന്ന രിതിയിലുള്ള പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യും. യാത്രാചെലവ്, താമസം, കലാപരിപാടികള്‍, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്ക് ഒരു മേഖലയ്ക്ക് 10 ലക്ഷം രൂപ അനുവദിയ്ക്കും. 2017 - 18 വര്‍ഷം മുന്നുമേഖലാ കേന്ദ്രങ്ങളില്‍ സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് 30,00,000/- രൂപ (മുപ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
41. ജയില്‍ ലൈബ്രറി
ഈ പദ്ധതിയ്ക്ക് 2017 - 2018 വര്‍ഷം തുക വകയിരുത്തുന്നില്ല.
42. ഗ്രഡേഷന്‍ മാനദണ്ഡം പരിശീലനം
ഈ പദ്ധതിയ്ക്ക് 2017 - 2018 വര്‍ഷം തുക വകയിരുത്തുന്നില്ല.
43. സൗരോര്‍ജം 10 ലക്ഷം
ഓലോ ലൈബ്രറിയും വൈദ്യുതിയുടെ ഉപയോഗത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനായി അനര്‍ട്ടുമായി സഹകരിച്ച് സൗരോര്‍ജം പദ്ധതിയ്ക്ക് തുടക്കമിടുന്നു. ജില്ലാ - താലൂക്ക് ലൈബ്രറികളിലും മറ്റ് 14 ലൈബ്രറികളിലും സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ട്. 50 ലൈബ്രറികളില്‍ കൂടി ഈ വര്‍ഷം സൗരോര്‍ജം പദ്ധതി നടപ്പിലാക്കും. ഒരു ഗ്രന്ഥശാലയ്ക്ക് 26,000/- രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ 4,000/- രൂപ സബ്‌സിഡിയായി ലഭിയ്ക്കും. 2,000/- രൂപ ഗ്രന്ഥശാലാ വിഹിതമായും 20,000/- രൂപ സംസ്ഥാന കൗണ്‍സില്‍ വിഹിതവുമായിരിക്കും. 50 ഗ്രന്ഥശാലകളില്‍ സൗരോര്‍ജം പദ്ധതി 2017 - 18 വര്‍ഷം നടപ്പിലാക്കുന്നതിനായി 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
44. മുന്നേറ്റം 5 ലക്ഷം
ട്രൈബല്‍ മേഖലയിലെ ചൂഷണം അവസാനിപ്പിയ്ക്കുന്നതിനും ലഹരി മരുന്നുകളുടെ ഉപയോഗത്തില്‍ നിന്നും മുക്തി നേടുന്നതിനും ബോധവത്കരണം അനിവാര്യമാണ്. അവര്‍ക്ക് അനൗപചാരിക വിദ്യാഭ്യാസം നല്‍കുന്നതിനായി സംസ്ഥാനത്തെ 10 ട്രൈബല്‍ ലൈബ്രറികളെ മാതൃക അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പിനായി ഗോത്രസാരഥിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടിയാളുടെ മേല്‍നോട്ടത്തിലായിരിക്കണം 'മുന്നേറ്റം' പരിപാടികള്‍ സംഘടിപ്പിയ്‌ക്കേണ്ടത്. ഈ വര്‍ഷവും പദ്ധതി തുടരും. ഗോത്രസാരഥിയുടെ അലവന്‍സ് ഉള്‍പ്പെടെ ഒരു കേന്ദ്രത്തിന് 
50,000/- രൂപ അനുവദിയ്ക്കും. ഇതിനായി 2017 - 18 വര്‍ഷം ആകെ 5,00,000/- രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
45. ആഴ്ചവട്ടം 10 ലക്ഷം
പഞ്ചായത്ത് നേതൃസമിതിയുടെ മേല്‍നോട്ടത്തില്‍ ആ പഞ്ചായത്തിലെ ലൈബ്രറികളുടെ കൂട്ടായ്മ സംഘടിപ്പിയ്ക്കും. ബാലവേദി, യുവജനവിഭാഗം, വനിതാകുട്ടായ്മ, മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ നാട്ടുവെളിച്ചം, തൊഴിലാളി സന്ധ്യ, കര്‍ഷകരുടെ നാട്ടുണര്‍വ് എന്നീ കൂട്ടായ്മ ഓരോ ലൈബ്രറികളിലായിരിക്കും നടക്കുന്നത്. പഞ്ചായത്ത് നേതൃസമിതിയ്ക്കാണ് ഇതിന്റെ പൂര്‍ണ ചുമതല. നേതൃസമിതി യോഗം ചേര്‍ന്ന് ഓരോ ലൈബ്രറിയിലും നടത്തേണ്ട പരിപാടിയും തീയതിയും തീരുമാനിക്കേണ്ടതും എല്ലാ ലൈബ്രറികളില്‍ നിന്നും പ്രസ്തുത വിഭാഗത്തില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കേണ്ടതുമാണ്. കാര്യപരിപാടി പഞ്ചായത്ത് നേതൃസമിതി നിശ്ചയിച്ച് നടപ്പിലാക്കണം. ഈ വര്‍ഷം ചുരുങ്ങിയത് രണ്ട് കൂട്ടായ്മയെങ്കിലും സംഘടിപ്പിയ്ക്കണം. ഒരു കൂട്ടായ്മയ്ക്ക് 1,000/- രൂപ ക്രമത്തില്‍ ഒരു പഞ്ചായത്ത് നേതൃസമിതിയ്ക്ക് 2,000/- രൂപ അനുവദിയ്ക്കും. 500 പഞ്ചായത്ത് നേതൃസമിതികളില്‍ ആഴ്ചവട്ടം സംഘടിപ്പിയ്ക്കുന്നതിനായി 2017 - 18 വര്‍ഷം 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
46. എഴുത്തുകൂട്ടം 2 ലക്ഷം
ഹയര്‍സെക്കന്ററി - കോളെജ്തല വായനമത്സര വിജയികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെയും യുവ സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തി രണ്ടുദിവസത്തെ കഥ - കവിത ക്യാമ്പ് സംഘടിപ്പിയ്ക്കും. കേരളത്തിലെ സാഹിത്യമേഖലയിലെ പ്രമുഖരെ പങ്കെടുപ്പിക്കും. യാത്രാച്ചെലവ്, ഭക്ഷണം, താമസം, പ്രതിഫലം തുടങ്ങിയ ചെലവുകള്‍ക്കായി 2017 - 18 വര്‍ഷം 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
47. യുവത 50 ലക്ഷം
യുവജനങ്ങളുടെ സാന്നിധ്യം ഗ്രന്ഥശാലകളില്‍ സജീവമാക്കുന്നതിന് 1000 ഗ്രന്ഥശാലകളില്‍ യുവത രൂപീകരിക്കും. 15 വയസിനുമുകളിലുള്ളവരുടെ വേദി എന്ന നിലയിലാണ് യുവത പ്രവര്‍ത്തിക്കേണ്ടത്. യുവത ക്യാമ്പില്‍നിന്നുയര്‍ന്ന നിര്‍ദേശങ്ങള്‍ കൂടി ക്രോഡീകരിച്ച് വിദഗ്ധരുടെ സഹായത്തോടെ മാര്‍ഗരേഖ നല്‍കും. വായനയുടെ ലോകം, സാമൂഹ്യ മാധ്യമങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകള്‍, സുസ്ഥിര വികസനം, ലിംഗനീതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നേതൃശേഷി വികസനം, ശാസ്ത്രബോധം, ബഹുസ്വരതയുടെ ദേശീയത, കലാ - കായിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള പ്രവര്‍ത്തനം ആവിഷ്‌കരിച്ച് യുവത വിപുലീകരിക്കും. യുവതയുടെ പ്രവര്‍ത്തന ചെലവിനായി 5000/- രൂപ അനുവദിയ്ക്കും. 2017 - 18 വര്‍ഷം ആകെ 50,00,000/- രൂപ (അമ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
48. ചരിത്ര - ശാസ്ത്ര വായന 11.50 ലക്ഷം
ലൈബ്രറികളില്‍ ചരിത്ര - ശാസ്ത്ര പുസ്തകങ്ങളുടെ ശേഖരണവും അവയുടെ വായനയും ഈ വര്‍ഷവും തുടരും. ചരിത്ര - ശാസ്ത വായന ആരംഭിച്ച 14 ലൈബ്രറികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 10,000/- രൂപ വീതവും 20 താലൂക്കുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ലൈബ്രറിയ്ക്കും 50,000/- രൂപ വീതവും അനുവദിയ്ക്കും 2017 - 18 വര്‍ഷം ആകെ 
11,50,000/- രൂപ (പതിനൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
49. ഫിലിംക്ലബ്ബ് രൂപീകരണവും ചിത്ര - ചലച്ചിത്ര പ്രദര്‍ശനവും 5.50 ലക്ഷം
കേരളത്തിന് ജനകീയമായ ദൃശ്യ സംസ്‌കാരമമുണ്ട്. അത് സാംസ്‌കാരികവും 
സാമൂഹികവുമായ വെല്ലുവിളികള്‍ക്ക് എതിരായ പ്രതിരോധവുമാണ്. ആ സമീപനം 
ഉപയോഗിച്ച് ഇന്നത്തെ ഫാസിസ്റ്റ് പ്രവണതകളെയും മത സങ്കുചിതത്തിനെയും നേരിടുവാന്‍ എല്ലാ താലൂക്കുകളിലും ഫിലിം ക്ലബ്ബ് രൂപീകരിച്ച് ചിത്ര - ചലച്ചിത്ര പ്രദര്‍ശനം നടത്തുവാന്‍ തുക അനുവദിയ്ക്കും. താലൂക്ക് ലൈബ്രറി കൗണ്‍സിലുകളുടെയും ഗ്രന്ഥശാലകളുടെയും കൈവശമുള്ള എല്‍.സി.ഡി. പ്രൊജക്ടറുകള്‍ ഉപയോഗപ്പെടുത്തി ഹാള്‍ സൗകര്യമുള്ള ഗ്രന്ഥശാലകളില്‍ പ്രദര്‍ശനം നടത്തും. ഫിലിം ക്ലബ്ബ് ആരംഭിച്ച ലൈബ്രറികളില്‍ തുടര്‍ പ്രവര്‍ത്തനത്തിനായി 2,000/- രൂപ വീതം അനുവദിയ്ക്കും. 75 താലൂക്കുകളിലെ 75 ലൈബ്രറികളില്‍ കൂടി ഫിലിം ക്ലബ്ബ് ആരംഭിച്ച് ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നതിന് 5,000/- രൂപ വീതം അനുവദിയ്ക്കും. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഫിലിം ക്ലബ്ബ് വിപുലപ്പെടുത്തും. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെ പ്രദര്‍ശനം 
നടത്തണം. 2017 - 18 വര്‍ഷം ഇതിനായി 5,50,000/- രൂപ (അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
50. വായന ക്ലബ്ബ്
ഈ പദ്ധതിയ്ക്ക് 2017 - 2018 വര്‍ഷം തുക വകയിരുത്തുന്നില്ല.
51. ഇടമലക്കുടി ട്രൈബല്‍ പഞ്ചായത്ത് - പ്രത്യേക പായ്‌ക്കേജ് 2 ലക്ഷം 
ഇടമലക്കുടി ട്രൈബല്‍ പഞ്ചായത്തില്‍ ലൈബ്രറി സേവനം ലഭ്യമാക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 2 ലക്ഷംരൂപ അനുവദിയ്ക്കുന്നു. 2017 - 18 വര്‍ഷം ഇടമലക്കുടി പ്രത്യേക പാക്കേജിനത്തില്‍ 2,00,000/- രൂപ (രണ്ട് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
52. പൈതൃക സംരക്ഷണം - ഡിജിറ്റലൈസേഷന്‍ 4 ലക്ഷം 
താളിയോലകള്‍, അമൂല്യ ഗ്രന്ഥങ്ങള്‍, പ്രശസ്തരുടെ കൈയ്യെഴുത്ത് പ്രതികള്‍ 
തുടങ്ങിയവ ലൈബ്രറികളിലുണ്ട്. ഇവ സംരക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കും. അമൂല്യ ഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. ഗ്രന്ഥശാലാ സംഘം മുതലുള്ള മിനിറ്റ്‌സ് ബുക്ക് ഡിജിറ്റലൈസ് ചെയ്യും. ഇതിനായി 2017 - 18 വര്‍ഷം 4,00,000/- രൂപ (നാല് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
53. നാടക കളരി 10.5 ലക്ഷം 
ബാലവേദി കുട്ടികള്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ അഞ്ചുദിവസത്തെ നാടക കളരി സംഘടിപ്പിക്കും. സംഭാഷണം, രംഗചലനം, അംഗവിക്ഷേപം, ഭാവപ്രകടനം, രംഗസജീകരണം, ദീപവിതാനം ഉള്‍പ്പെടെ നാടകത്തിന്റെ എല്ലാ വശങ്ങളിലും അവബോധമുണ്ടാക്കുന്ന ക്യാമ്പായിരിക്കുമിത്. വേനലവധി കാലത്താണ് ക്യാമ്പ് സംഘടിപ്പിക്കുക. 20 കുട്ടികളെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. ജില്ലയിലെ സ്ഥലസൗകര്യമുള്ള മികച്ച ലൈബ്രറിയിലായിരിക്കും ക്യാമ്പ്. ലൈബ്രറിയ്ക്ക് ചുറ്റുവട്ടമുള്ള വീടുകളില്‍ കുട്ടികള്‍ക്ക് താമസ സൗകര്യമൊരുക്കും. ഉല്‍പന്ന പിരിവിലൂടെയും അയല്‍കൂട്ടങ്ങളുടെ സഹകരണത്തോടെയും ഭക്ഷണമൊരുക്കും. അഞ്ചാം ദിവസം പൊതുപരിപാടിയില്‍ നാടകം അവതരിപ്പിക്കും. സംഗീത നാടക അക്കാദമിയുടെയും സ്‌കൂള്‍ ഓഫ് ഡ്രാമയുടെയും സഹകരണം ലഭ്യമാക്കും. ഡയറക്ടറുടെയും അധ്യാപകരുടെയും പ്രതിഫലം, ഭക്ഷണം, ഉപകരണങ്ങള്‍, ശബ്ദവും വെളിച്ചവും, യാത്രാച്ചെലവ് തുടങ്ങിയവര്‍ക്കായി ഒരൂ നാടക കളരിയ്ക്ക് 75,000/- രൂപ അനുവദിയ്ക്കും. 14 ജില്ലകളിലും 
2017 - 18 വര്‍ഷം നാടക കളരി സംഘടിപ്പിക്കുന്നതിന് 10,50,000/- രൂപ (പത്ത് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു. 
54. വായന പക്ഷാചരണം 10 ലക്ഷം 
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ 7 ന് അവസാനിക്കുന്ന രീതിയില്‍ വായന പക്ഷാചരണം സര്‍ക്കാര്‍ സഹകരണത്തോടെ സംഘടിപ്പിക്കും സംസ്ഥാനതല ഉല്‍ഘാടനവും തുടര്‍ന്ന് താലൂക്കിലും എല്ലാ സ്‌കൂളിലും ലൈബ്രറികളിലും പ്രത്യേക പരിപാടികള്‍ നടത്തണം. ഇതിന് സര്‍ക്കാര്‍ അംഗീകാരം വാങ്ങും. എല്‍.പി., യൂ.പി., എച്ച്.എസ്., വനിതാ വായനമത്സരങ്ങള്‍ തുടങ്ങിയ എല്ലാ വായനമത്സരങ്ങളുടെയും പ്രാഥമിക മല്‍സരങ്ങള്‍ ഈ പക്ഷാചരണത്തില്‍ നടത്തും. ലൈബ്രറികളിലും സ്‌കൂളുകളിലും ഒരു പരിപാടിയായി ഇത് സംഘടിപ്പിക്കണം. പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്‌കൂള്‍ ലൈബ്രറിയുടെ ചുമതലക്കാരായ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. ഉപ വിദ്യാഭ്യാസ ഓഫീസറുടെ പരിധിയില്‍ ഏറ്റവും മികച്ച രീതിയില്‍ പക്ഷാചരണം സംഘടിപ്പിച്ച സ്‌കൂളിനും ലൈബ്രറിയ്ക്കും മെമൊന്റോ നല്‍കും. ഇതിനായി 2017 - 18 വര്‍ഷം 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
55. ട്രെയിനിംഗ് സെന്റര്‍ 14 ലക്ഷം 
കാസര്‍കോട് ജില്ലയില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് 25 സെന്റ് സ്ഥലം 
ലഭിച്ചിട്ടുണ്ട്, ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പുനനാരംഭിയ്ക്കുകയാണ്. ഈ പരിശീലനങ്ങള്‍ക്ക് കേന്ദ്രം ആവശ്യമാണ്. ടി സ്ഥലത്ത് ട്രെയിനിംഗ് സെന്റര്‍ ആരംഭിയ്ക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി 2017 - 18 വര്‍ഷം 14,00,000/- രൂപ (പതിനാല് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
56. സ്റ്റേറ്റ് ലൈബ്രറി 40 ലക്ഷം 
കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയെ സ്റ്റേറ്റ് ലൈബ്രറിയായി പരിഗണിക്കുന്നു. ടി ലൈബ്രറിയുടെ ഉടമസ്ഥത സംബന്ധിച്ച കേസിന്മേല്‍ തീര്‍പ്പായതിനാല്‍ മാനാഞ്ചിറ പബ്ലിക് ലൈബ്രറി ഏറ്റെടുത്ത് പ്രവര്‍ത്തന സജ്ജമാക്കേണ്ടതുണ്ട്. ലൈബ്രറിയുടെ നവീകരണത്തിനായി 2017 - 18 വര്‍ഷം 40,00,000/- രൂപ (നാല്‍പ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
57. ഹരിതകേരളം 5 ലക്ഷം
1. പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് എല്ലാ ലൈബ്രറികളും പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നതോടെ കൗണ്‍സില്‍ ആവിഷ്‌കരിക്കുന്ന ഹരിതകേരള പരിപാടിയ്ക്ക് തുടക്കമാകും. സോഷ്യല്‍ ഫോറസ്ട്രിയുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും സഹകരണത്തോടെ മൂന്നുലക്ഷം വൃക്ഷതൈകള്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ പരിസ്ഥിതി ദിനത്തില്‍ നടും. ഒരു ഗ്രന്ഥശാലയില്‍ 50 തൈകള്‍ വീതം അംഗങ്ങള്‍ക്ക് വിതരണം ചെയ്യും. ഗ്രന്ഥശാല, ഒരു തൈ ഗ്രന്ഥശാലാ അങ്കണത്തിലോ പൊതുസ്ഥലത്തോ നടുന്നതായിരിക്കും. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പരിപാടിയായിരിക്കും ഗ്രന്ഥശാലകള്‍ സംഘടിപ്പിക്കുന്നത്. ഗ്രന്ഥശാലയുടെ പ്രതിമാസ പരിപാടിയില്‍ ഇത് ഉള്‍പ്പെടുത്തും. 
വൃക്ഷതൈകളുടെ വിതരണത്തിനായി 2017 - 18 വര്‍ഷം 1,50,000/- രൂപ (ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
2. ജൈവ പച്ചക്കറി കൃഷി - മികച്ച ലൈബ്രറി
കേരള സര്‍ക്കാര്‍ ഹരിതകേരള പദ്ധതിയുടെ ഭാഗമായി ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ മിക്ക ഗ്രന്ഥശാലകളും ജൈവ കൃഷി ഉല്‍പാദന രംഗത്ത് വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. ജൈവ പച്ചക്കറി കൃഷി നടത്തുന്ന ലൈബ്രറികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതാണ്. ജില്ലയില്‍ ഏറ്റവും മികച്ച രീതിയില്‍ ജൈവ പച്ചക്കറികൃഷി ഉല്‍പാദനം നടത്തുന്ന ഒരു ലൈബ്രറിയ്ക്ക് 10,000/- രൂപയുടെ സമ്മാനം നല്‍കും. ഇതിനായി 
2017 - 18 വര്‍ഷം 1,40,000/- രൂപ (ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ മാത്രം) 
വകയിരുത്തുന്നു.
3. എന്റെ ഗ്രാമം പ്ലാസ്റ്റിക് വിമുക്തം
കേരള സര്‍ക്കാര്‍ ഹരിതകേരള പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ 
ഉപയോഗം പരമാവധി കുറച്ച് പകരം ഉല്‍പന്നങ്ങളുടെ പ്രചാരണം നടത്തുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം പ്രകൃതിയ്ക്കും മനുഷ്യ ശരീരത്തിനും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവല്‍കരണം ആവശ്യമാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകരും ഈ ദൗത്യം ഏറ്റെടുത്ത് ആവശ്യമായ പ്രചരണ പരിപാടികള്‍ നടത്തും. പേപ്പര്‍ ബാഗുകള്‍, തുണി സഞ്ചികള്‍ എന്നിവ സുലഭമായി ചെലവുകുറഞ്ഞ രീതിയില്‍ ലഭ്യമാക്കേണ്ടതുണ്ട്. മികച്ച വനിതാവേദി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഒരു ഗ്രന്ഥശാലയില്‍ 
പേപ്പര്‍ - തുണിസഞ്ചി നിര്‍മാണ യൂണിറ്റ് ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ - അയല്‍ക്കൂട്ടങ്ങളുടെയും സഹകരണത്തോടെ വനിതാവേദിക്ക് ബോധവല്‍കരണത്തിനും പരിശീലന യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനും ആവശ്യമായ സഹായം ലഭ്യമാക്കും. ജില്ലയിലെ ഒരു വനിതാവേദിയില്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി 15,000/- രൂപ അനുവദിക്കുന്നു. 14 ജില്ലകളില്‍ എന്റെ ഗ്രാമം പ്ലാസ്റ്റിക് വിമുക്തം എന്ന പദ്ധതി ആരംഭിക്കുന്നതിനായി 2017 - 18 വര്‍ഷം 2,10,000/- രൂപ (രണ്ടു ലക്ഷത്തി പതിനായിരം രൂപ മാത്രം) വകയിരുത്തുന്നു.
പരിസ്ഥിതി ദിനാചരണം, ജൈവ പച്ചക്കറി കൃഷി, എന്റെ ഗ്രാമം പ്ലാസ്റ്റിക് വിമുക്തം എന്നീ ഇനങ്ങളിലായി 2017 - 18 വര്‍ഷം 5,00,000/- രൂപ (അഞ്ചു ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
58. ബ്രെയ്‌ലി ശ്രവ്യ ഗ്രന്ഥശാല 5 ലക്ഷം
അറിയുവാനുള്ള അവകാശം സംരക്ഷിക്കുകയും ലൈബ്രറി സേവനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുകയുമാണ് ലൈബ്രറി കൗണ്‍സിലിന്റെ പ്രഖ്യാപിത നയം. ഇതിന്റെ ഭാഗമായി സമൂഹത്തിലെ കാഴ്ച ശക്തി പരിമിതമായവര്‍ക്കായി ഗ്രന്ഥശാലാ സംവിധാനം ഒരുക്കും. ബ്രെയ്‌ലി ലിപിയിലുള്ള പുസ്തകങ്ങള്‍ ലഭ്യമാക്കിയും ശ്രവ്യമാധ്യമത്തിന്റെ സഹായത്തോടെ മികവുറ്റ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തിയും ഈ വിഭാഗത്തിന്റെ വായന ആവശ്യങ്ങള്‍ പരിഗണിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി ബ്രെയിലി ലിപി പുസ്തകങ്ങളും ശ്രവ്യ സംവിധാനവും ഉള്‍ക്കൊള്ളിച്ച് അന്ധവിദ്യാലയങ്ങളിലും തിരഞ്ഞെടുത്ത ഗ്രന്ഥശാലകളിലും ഗ്രന്ഥശാല വിഭാഗം ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെ സഹായവും ഇതിനായി പ്രയോജനപ്പെടുത്തും. ഈ പദ്ധതിയ്ക്കായി 2017 - 18 വര്‍ഷം 
5,00,000/- രൂപ (അഞ്ച് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
59. വിമുക്തി 1 ലക്ഷം
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരി മരുന്ന് ഉല്‍പന്നങ്ങളുടെയും ദൂഷ്യവശങ്ങള്‍ പുതിയ തലമുറയെ ബോധവല്‍കരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രചരണ പരിപാടികള്‍ സാംസ്‌കാരിക വകുപ്പും എക്‌സൈസ് വകുപ്പും ചേര്‍ന്ന് ആവഷ്‌കരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ഗ്രന്ഥശാലകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഈ പരിപാടികള്‍ നടപ്പിലാക്കുന്നതിന്റെ ചെലവിലേക്കായി 2017 - 18 വര്‍ഷം 1,00,000/- രൂപ (ഒരു ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
60. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 10 ലക്ഷം 
പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും പൊതുവിദ്യാലയങ്ങള്‍ മികവുറ്റതാക്കേണ്ടതിന്റെ ആവശ്യകത എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കും. പഞ്ചായത്ത് നേതൃസമിതികളുടെ ആഭിമുഖ്യത്തില്‍ 2017 മെയ് 31 നകം പരിപാടി നടത്തുന്നതാണ്. ഓരോ പഞ്ചായത്ത് നേതൃസമിതിയ്ക്കും പരിപാടി സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. 
2017 - 18 വര്‍ഷം പൊതു വിദ്യാഭ്യാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കുന്നതിന് 10,00,000/- രൂപ (പത്ത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
61. ലൈബ്രറി സെക്രട്ടറിമാര്‍ക്ക് ഏകദിന പരിശീലനം 17 ലക്ഷം 
കേരളത്തിലെ ഗ്രന്ഥശാലകള്‍ പുസ്തക വിതരണ കേന്ദ്രങ്ങള്‍ എന്നതിലുപരി ആധുനിക ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ സെന്ററുകളായും പ്രവര്‍ത്തിച്ചുവരികയാണ്. സേവന തല്‍പരരായ ഭരണ സമിതിയുടെയും അതിന്റെ ഭാരവാഹികളുടെയും അശ്രാന്ത പരിശ്രമമാണ് ഈ പൊതു ഇടങ്ങളെ ജനകീയമാക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്ന സെക്രട്ടറിമാര്‍ക്ക് പരിശീലനം നല്‍കും. താലൂക്കടിസ്ഥാനത്തില്‍ നല്‍കുന്ന ഏകദിന പരിശീലനത്തിന്റെ യാത്രാചെലവ്, ഭക്ഷണം, സ്റ്റഡീമെറ്റീരിയല്‍സ്, റിസോഴ്‌സ് പേഴ്‌സണ് പ്രതിഫലം എന്നിവയ്ക്കായി 2017 - 18 വര്‍ഷം 17,00,000/- രൂപ (പതിനേഴ് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
62. പ്രകൃതി 3 ലക്ഷം 
വനംവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ടി പുസ്തകങ്ങള്‍ സൗജന്യമായി ഗ്രന്ഥശാലകളില്‍ ലഭ്യമാക്കി 
വനശാസ്ത്ര പുസ്തക കോര്‍ണര്‍ ആരംഭിയ്ക്കും.
പ്രകൃതിയെയും കാടിനെയും അടുത്തറിയുവാനും അവയെ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുമായി വനംവകുപ്പിന്റെ സഹകരണത്തോടെ ബാലവേദി 
കൂട്ടുകാര്‍ക്കും വനിതാവേദി, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കും അഞ്ചുകേന്ദ്രങ്ങളില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. ഭക്ഷണവും താമസവും റിസോഴ്‌സ് പേഴ്‌സണും വനംവകുപ്പില്‍ നിന്നും സൗജന്യമായി ലഭ്യമാക്കും. യാത്രാച്ചെലവ്, മറ്റിനം ചെലവ് എന്നിവയ്ക്കായി 2017 - 18 വര്‍ഷം 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു. 
63. പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍മാര്‍ക്ക് പരിശീലനം 3 ലക്ഷം
പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍മാര്‍ക്ക് ജില്ലാടിസ്ഥാനത്തില്‍ ഏകദിന പരിശീലനം നല്‍കും. നേതൃസമിതിയുടെ പ്രവര്‍ത്തനം വിലയിരുത്തി കാഴ്ചപ്പാട് അവതരിപ്പിക്കും. യാത്രാച്ചെലവ്, ഭക്ഷണം, സ്റ്റഡീമെറ്റീരിയല്‍സ് തുടങ്ങിയ ഇനങ്ങള്‍ക്കായി 2017 - 18 വര്‍ഷം 3,00,000/- രൂപ (മൂന്ന് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
64. പ്രത്യേക പരിപാടികള്‍ 10 ലക്ഷം
2017 - 18 വര്‍ഷം സമകാലിക വിഷയങ്ങളിലും അല്ലാതെയും പ്രത്യേക പരിപാടികള്‍ നടത്തണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് തീരുമാനിക്കാവുന്നതും അവ നടപ്പിലാക്കുന്നതിനുമായി 2017 - 18 വര്‍ഷം 10,00,000/- രൂപ (പത്തു ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.
2017 - 18 വര്‍ഷത്തെ മേല്‍പ്പറഞ്ഞ പദ്ധതിയേതര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 16,50,00,000/- രൂപ (പതിനാറ്‌കോടി അമ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.

ജില്ലാ വികസന പദ്ധതികള്‍ 250 ലക്ഷം
ജില്ലയിലെ ലൈബ്രറി പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ തയ്യാറാക്കി നല്‍കുന്ന പ്രോജക്ടുകള്‍ക്കായി 2017 - 18 വര്‍ഷം 2,50,00,000/- രൂപ (രണ്ട് കോടി അമ്പത് ലക്ഷം രൂപ മാത്രം) വകയിരുത്തുന്നു.